മതം ഉപേക്ഷിക്കൂ ! മനുഷ്യരാകൂ !

Sunday, January 16, 2011

മകരജ്യോതി തട്ടിപ്പ് ഇനിയെങ്കിലും അവസാനിപ്പിക്കൂ.

ശബരിമലയിലെ നടവരവു വർദ്ധിപ്പിക്കാൻ എല്ലാ വർഷവും മകരം ഒന്നിന് ദേവസ്വം ബോർഡ്, സർക്കാർ സന്നാഹങ്ങളോടെ പൊന്നമ്പലമേട്ടിൽ കർപ്പൂരം ചട്ടിയിൽ കത്തിച്ചുകണിച്ച് നടത്തുന്ന കലാപരിപാടിയാണ് മകരജ്യോതി. 1999 ൽ ഈ സർക്കാർ സ്പോൺസേർഡ് മകരജ്യോതി ദർശിക്കാനുള്ള തിക്കിലും തിരക്കിലും പെട്ട് 53 പേരാണ് മരിച്ചത്. അന്ന് കേരളയുക്തിവാദി സംഘം പ്രസിഡന്റായിരുന്ന പവനൻ ഹൈക്കോടതിയിൽ ഈ വഞ്ചനക്കെതിരെ കേസ് ഫയൽ ചെയ്തു. ദേവസ്വം ബോർഡ് ഭാരവാഹികൾ കർപ്പൂരം കത്തിച്ച് വിശ്വാസികളെ വഞ്ചിക്കുന്നത് നിരോധിക്കുക, ഈ വഞ്ചനക്ക് കൂട്ടുനിൽക്കുന്ന സർക്കാരിനെതിരെ നടപടിയെടുക്കുക, ആ ദിവസങ്ങളിൽ എല്ലാവർക്കും പൊന്നമ്പലമേട്ടിൽ പോകാനും ഈ ദ്രിശ്യം കാണാനും ഫോട്ടോ എടുക്കാനും അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു കേസ്. എന്നാൽ ഇതിന് കോടതിയിൽ നിന്നും ഉണ്ടായ വിധി “ ഇത് വിശ്വാസത്തിന്റെ പ്രശ്നമാണ്.ഇതിൽ കോടതി ഇടപെടുന്നില്ല” എന്നായിരുന്നു. ഇത് എങ്ങിനെയാണ് വിശ്വാസത്തിന്റെ പ്രശ്നമാകുന്നത്? ഇത് വിശ്വാസികളെ ബോധപൂർവ്വം വഞ്ചിക്കുന്നതിന്റെ പ്രശ്നമല്ലേ?
ഈ വർഷവും മകരജ്യോതി ദർശിക്കാനെത്തിയവരുടെ തിക്കുംതിരക്കും കാരണം വൻദുരന്തം ഉണ്ടാവുകയും നൂറിലെറെപ്പേർ മരിക്കാൻ ഇടയായതിലും ആതീവ ദുഖം ഉള്ളപ്പോൾ തന്നെ പറയട്ടെ ലോകത്തൊരിടത്തും ഇങ്ങനെയൊരു തട്ടിപ്പ് സർക്കാർ നേത്രുത്വത്തിൽ നടക്കുന്നില്ല. ഇത് ഒരു മതേതര സർക്കാരിന് ഭൂഷണമാണോ? ഈ സർക്കാർ സ്പോൺസേർഡ് മകരജ്യോതി തട്ടിപ്പ് അവസാനിപ്പിക്കണം അല്ലെങ്കിൽ എല്ലാമാസവും ജ്യോതി കത്തിച്ച് ദുരന്തങ്ങൾ ഒഴിവാക്കണം. തട്ടിപ്പു നടത്തി കോടികൾ വാരുന്ന ദേവസ്വം ബോർഡിന് ദുരന്ത ബാധിതർക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യതയുണ്ട്. അവർക്കു മാത്രമേ ബാധ്യതയുള്ളൂതാനും. മതേതര സർക്കാരിന്റെ നികുതിപ്പണം ഇതിനുപയോഗിക്കുന്നത് നീതീകരിക്കാനാവില്ല. ആരുടെ കണ്ണിൽ പൊടിയിടാനാണ് ജുഡീഷ്യൽ അന്വേഷണം നടത്തുന്നത്. സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും ഈ ദുരന്തത്തിന്റെ കാരണം അറിയാമെന്നിരിക്കേ സർക്കാർ ജനങ്ങളെ വിഡ്ഡികളാക്കുകയല്ലേ ചെയ്യുന്നത്?
ഈ സന്ദർഭത്തിൽ , 1999 അപകടത്തെതുടർന്ന് സുഗതകുമാരി മാതൃഭൂമി പത്രത്തിൽ എഴുതിയത് പ്രസക്തമാണ്.
ആലീബാബയും നാല്പതു കള്ളന്മാരും
സുഗതകുമാരി

നാൽ‌പ്പത്തൊന്നു ദിവസ്സത്തെ വ്രതാനുഷ്ഠാനം കഴിഞ്ഞ് കറുപ്പുടുത്ത് ഇരുമുടിക്കെട്ടെടുത്ത് മല ചവിട്ടിയെത്തുന്ന ഭക്തന്മാർ ആരേ കാണാനാണ് എത്തുന്നത്? എന്തു കാണാനാണ് എത്തുന്നത്?
വനവാസിയും കരുണാമയനുമായ ശ്രീ അയ്യപ്പനെ എന്നു നാം പറയും. പക്ഷേ, നിഷ്കളങ്ക മനസ്സുകൾക്ക് അത്ഭുതം കണ്ടാലേ നിറവാകൂ. അതിന് ആണ്ടോടാണ്ട് ഒരു ദിവ്യമായ കാഴ്ച മലമുകളിൽ ഒരുക്കപ്പെടുന്നു. ആകാശത്ത് നക്ഷത്രമുദിക്കുകയും കൃഷ്ണപ്പരുന്ത് പറക്കുകയും ചെയ്യുന്നതോടൊപ്പം തെളിഞ്ഞണയുന്ന വിചിത്രജ്യോതിസ് ദേവന്മാർ അയ്യപ്പന് നടത്തുന്ന നീരാജനം. അത് കാണുന്നതോടെ മല ചവിട്ടി വന്ന് മാനത്തേക്ക് കണ്ണ് മിഴിച്ചു നിൽക്കുന്ന ജനലക്ഷങ്ങൾ അത്ഭുതാഹ്ലാദങ്ങൾകൊണ്ട് സ്വയം മറക്കുന്നു. ലക്ഷം ലക്ഷം കണ്ഠങ്ങളുടെ അത്യുച്ചത്തിലുള്ള ശരണം വിളിയാൽ മലനിരകൾ കുലുങ്ങുന്നു. തങ്ങൾക്കുള്ള സർവ്വസ്വവും അവിടെ അർപ്പിച്ചുകൊണ്ട് ഭക്തന്മാർ ആനന്ദ നൃത്തം ചവിട്ടുന്നതു കാണാൻ കഴിഞ്ഞല്ലോ ഈ മഹാത്ഭുതം ലോകത്തെവിടെയുണ്ട് ഇങ്ങനെ നിശ്ചിത സമയത്ത് ആകാശത്ത് ദിവ്യദീപം തെളിഞ്ഞണയുന്നത്? ഇനി മരിച്ചാലെന്ത്? ദേവതകളുടെ ദീപാരാധന കണ്ടുവല്ലോ.
സാധുക്കളായ തമിഴനും തെലുങ്കനും കർണ്ണാടകക്കാരനും എല്ലാം പുളകിതഗാത്രരായി കണ്ണുനീരോടെ തൊഴുകയ്യോടെ മടങ്ങുന്നു. നാട്ടിൽ ചെന്ന് കണ്ടവരോടെല്ലാം ഈ മഹാത്ഭുതം പറയുന്നു. അടുത്ത ആണ്ട് അവരും കെട്ടുംകെട്ടി പുറപ്പെടുന്നു. എല്ലാം വിറ്റുപെറുക്കി ഭഗവത്സന്നിധിയിൽ കൊണ്ടുചെന്ന് ചൊരിയുന്നു. കണ്ണാലെ കണ്ടല്ലോ ദേവന്മാരുടെ ദീപാരാധന.
ആകാശ ദീപാരാധന നടത്തുന്നത് ആലീബാബയും നാല്പത് കള്ളന്മാരുമാണെന്ന് വർഷങ്ങളായി മലയാളിക്ക് അറിയാം. ദേവസ്വം ബോർഡിനും പോലീസ് വകുപ്പിനും വിദ്യുച്ഛക്തി വകുപ്പിനും വനം വകുപ്പിനുമറിയാം. അറിയാത്തത് കള്ളമറിയാത്ത സാധു ലക്ഷങ്ങൾക്ക് മാത്രം. അവർ ആവേശത്തോടെ കൂട്ടം കൂട്ടമായി വന്നു കൊണ്ടേയിരിക്കുന്നു. മലയാളി മണ്ണിലെ ഈ മഹാത്ഭുതം കാണുവാൻ.
ഇത്തവണ അവർക്കു കാണുവാൻ ഒരു വിശേഷദ്രിശ്യം കൂടി ഒരുക്കിയിരിക്കുന്നു. മദ്യം പൂശിയ തൃക്കോവിൽ സുവർണ്ണപ്രഭയിൽ കുളിച്ചു നിൽക്കുന്ന ആ അമൂല്യമന്ദിരം വെറും വനവാസിയായസ്വാമിക്ക് എത്രയധികം പ്രീതിദായകമായിരിക്കും. എത്രയധികം അവിടുന്ന് പ്രസന്നനായിക്കാണും. പൊന്നുപൊതിഞ്ഞ കൊട്ടാരമല്ലോ കാനന വാസന് പ്രിയം . പ്രത്യേകിച്ച് അത് മദ്യത്തിന്റെ കറുത്ത പൊന്നാവുമ്പോൾ. അത് പാപത്തിന്റെ പണമാണെന്നും മദ്യമെന്നത് പെണ്ണിന്റെ കണ്ണീരാണെന്നുമൊക്കെ വിഡ്ഡികൾ പുലമ്പട്ടെ. കരുണാമൂർത്തിയായ അയ്യപ്പസ്വാമി അതൊന്നും അത്ര കാര്യമാക്കുകയില്ല. ഗൾഫിലെ ഷേക്കുമാരെപ്പോലെ പൊന്നുപൂശിയ മന്ദിരം തന്നെയാവും അവിടുത്തെയും സ്വപ്നം. അത് സാക്ഷാത്കരിച്ചു കൊടുത്തതിന് മദ്യക്കമ്പനിക്ക് നന്ദി. അവരുടെ പരസ്യങ്ങൾ ഭക്തലക്ഷങ്ങൾ സഞ്ചരിക്കും വഴിയിലൊക്കെ നിരത്തിയുയർത്തി നാം അവരെ പ്രോത്സാഹിപ്പിച്ചുവല്ലോ.
അങ്ങനെ പൊന്നുപൂശിയ ത്രിക്കോവിൽ കാണാനും ആകാശത്തെ മായാദീപം കാണാനും ലക്ഷങ്ങൾ കോടികൾ ശരണം വിളിച്ചെത്തുന്നു. ഓരോ വർഷവും അവരുടെ എണ്ണം പെരുകുന്നു. ലക്ഷങ്ങൾ കോടികൾ നമ്മുടെ കീശകളിലേക്കും ഖജനാവിലേക്കും വന്നു മറിയുന്നു. അതിനെല്ലാം എന്തു വേണ്ടൂ? എന്തു കെട്ടുകാഴ്ച്ചയ്ക്കും നാം തയ്യാർ, വരട്ടെ പണം.
കുറേപ്പേർ ചവിട്ടേറ്റും തിക്കിലും തിരക്കിലും പെട്ട് പിടഞ്ഞു മരിച്ചു. കുറ്റം ആരുടേത് എന്നതിനെക്കുറിച്ച് നമുക്ക് തർക്കിക്കാം. ദേവസ്വം ബോർഡിന്റേതാണോ ഗവണ്മെന്റിന്റേതാണോ? കൂടുതൽ കാടുവെട്ടി വെളുപ്പിക്കാൻ അനുവദിക്കാത്ത കേന്ദ്രത്തിന്റേതാണോ നാട്ടുകാരുടേതാണോ എന്നൊക്കെ നമുക്ക് വാദപ്രതിവാദം നടത്താം. അന്വേഷണം ആവശ്യപ്പെടാം. അതിലൂടെ സമാധാനം കണ്ടെത്താം.
സമാധാനം കണ്ടെത്താൻ വലിയ അന്വേഷണ വൈദഗ്ദ്ധ്യമൊന്നും ആവശ്യമില്ല. ജനലക്ഷങ്ങൾ സ്വയം മറന്ന് തള്ളിക്കയറുന്നയിടങ്ങളിൽ അപകടങ്ങൾ സംഭവിക്കാറുണ്ട്. കുംഭമേളയിലെ കൂട്ടമരണങ്ങളും മെക്കയിലെ തീപ്പിടുത്തവും മറ്റും ഓർക്കുക. ജനക്കൂട്ടത്തിന്റെ അനിയന്ത്രിത പ്രവാഹം ആപത്തുണ്ടാക്കുക തന്നെ ചെയ്യും. അത് നിയന്ത്രികാൻ വഴിയെന്ത് എന്നത്രേ ആലോചിക്കേണ്ടത്.
ഒരു വഴി മാത്രമേയുള്ളു. ശബരിമല അയ്യപ്പനെ വെറുതെ വിടുക. ഭക്തിവിശ്വാസമുള്ളവർ വ്രതം നോറ്റ് വന്ന് വന്നിച്ചുകൊള്ളും . റവന്യു വരുമാനത്തിനുവേണ്ടിയുള്ള കപടനാടകങ്ങൾ ഹിന്ദു മതത്തിനുതന്നെ കളങ്കമാണ്. അവസാനിപ്പിക്കുക എന്നേക്കുമായി. ഭഗവത്സന്നിധിയിൽ വീണ് പിടഞ്ഞുമരിച്ചവർ ഈ അത്ഭുതം കാട്ടലെന്ന പാപത്തിന്റെ രക്തസാക്ഷികളാണ്. ഒരു ജുഡീഷ്യൽ അന്വേഷണം ഈ ദാരുണബലിക്ക് സമാധാനമാവില്ല.
സമാധാനം കണ്ടെത്താത്തവർ ഇനിയുമുണ്ട്. മരിച്ചവരുടെ ഉറ്റവർ. ഭർത്താവ് മരിച്ചവർ,മക്കൾ നഷ്ടപ്പെട്ടവർ, കുടുംബനാഥൻ നഷ്ടപ്പെട്ടവർ, മുറിവും ചതവും ഒടിവുമേറ്റ് നിത്യരോഗികളായി മാറിയവർ. അവരിലെ ഉള്ളിലെ തീയണയുകയില്ല. അവർ മാത്രമല്ല, മദ്യം പൂശിയും മായാജ്യോതി കാട്ടിയും ഹിന്ദു ധർമ്മത്തെ പങ്കിലമാക്കുന്നതിൽ മനംനൊന്തുപോകുന്ന കുറേപ്പേരുണ്ട് ഈ നാട്ടിൽ. അവർ ഇരുകയ്യുമുയർത്തി ഭഗവാനെ വിളിക്കുന്നു. സ്വാമിയേ പൊറുക്കണേ പൊറുക്കണേ എന്നുമാത്രം.
മാതൃഭൂമി 17-02-1999.

5 comments:

Rational books said...

18-01-2011 ചൊവ്വാഴ്ച രവിലെ 10.30 ന് ന്തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് നന്ദങ്കോട് ദേവസ്വം ബോർഡ് ഓഫീസിലേക്ക് കേരളയുക്തിവാദി സംഘം പ്രതിക്ഷേധ മാർച്ച് നടത്തുന്നു. എല്ലാ മനുഷ്യസ്നേഹികളും ഈ റാലിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ചാർ‌വാകൻ‌ said...

നൂറ്റിരണ്ടുപേരുടെ മരണത്തിനും,(അതിൽ കൂടുതൽ പരിക്കുപറ്റിയവരുണ്ട്‌.)ഉത്തരവാദി സർക്കാരുതന്നെയാണ്.പക്ഷേ സർക്കാരിനെ കൊലയാളിയാക്കി കേസ്സെടുക്കില്ല.അതായത് ദുരന്തങ്ങൾ ഇനിയുമുണ്ടാകുമെന്നു ചുരുക്കം.ഇതുകേവലം വിശ്വാസത്തിന്റെ പ്രശ്നമായി തള്ളികളയാനാവില്ല.അന്യനാട്ടുകാരന്റെ പണത്തിനുവേണ്ടി കാണിക്കുന്ന ഈ ആർത്തി മനുഷത്വമുള്ളവരെല്ലാം എതിർക്കേണ്ടതാണ്.

സുശീല്‍ കുമാര്‍ said...

മകരവിളക്കിന്റെ പേരില്‍ ഭക്തരെ കുരുതികൊടുക്കരുത് - യുക്തിവാദിസംഘം

(മാതൃഭൂമി ദിനപത്രം-17-01-2011)

മലപ്പുറം: ഭക്തജനങ്ങളെ മകരവിളക്കിന്റെ പേരില്‍ കുരുതികൊടുക്കരുതെന്നും ദുരന്തത്തിന് ഉത്തരവാദി സര്‍ക്കാരും ദേവസ്വംബോര്‍ഡുമാണെന്നും യുക്തിവാദിസംഘം ജില്ലാകണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. മകരജ്യോതി നിര്‍ത്തലാക്കണമെന്നും ശബരിമലയില്‍ എല്ലാദിവസവും നടതുറന്ന് ഭക്തജനത്തിരക്ക് കുറയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് യു. കലാനാഥന്‍ ഉദ്ഘാടനംചെയ്തു. ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് പാറക്കല്‍, എന്‍. കുഞ്ഞിരാമന്‍, ജയിംസ് പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. മലപ്പുറം ടൗണില്‍ പ്രകടനം നടത്തി.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഭക്തി ഒരു തരം ലഹരി തന്നെയാണ്. ഈ ലഹരിയിലാണ് ആളുകള്‍ ഉറഞ്ഞു തുള്ളുന്നതും, കൂട്ടത്തോടെ ശരണം വിളിക്കുകയോ, പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്നതും. ഭക്തി കയറുന്ന സമയത്ത് സ്ഥലകാലങ്ങളെപ്പറ്റി മറക്കുന്നവരാണധികവും. ആ സമയത്ത് അപകടത്തേക്കാളേറെ അവരെ നയിക്കുന്നത് എത്രമാത്രം പുണ്യം നേടിയെടുക്കാനാകും എന്ന ചിന്തയാണ്. പുണ്യം നേടി സ്വന്തം വീടുകളില്‍ കാത്തിരിക്കുന്നവരുടെ അടുത്തെത്താനാവാതെ പാവം ഭക്തര്‍ ദയനീയമായി ചവിട്ടിയരക്കപ്പെടുകയോ, കൊക്കകളിലേക്ക് വീണ് ജീവന്‍ വെടിയുകയോ ചെയ്യുന്നു എന്നത് ഈ വ്യവസായത്തെ തീരെ ബാധിക്കുന്നില്ല എന്നു കാണാം.

ശബരിമല ദുരന്തത്തെക്കുറിച്ച് ഈയുള്ളവന്റെ വീക്ഷണങ്ങളുടെ ലിങ്ക് താഴെ:
ശബരിമല എന്ന ദുരന്തമല

അവര്‍ണന്‍ said...

നിരീശ്വരവാദവും മതവിശ്വാസവും ലഹരിയാവുന്നിടത് യുക്തി ചിന്ത മരിക്കുന്നു. അതാണ്‌ കേരളത്തിലെ യുക്തിയില്ലാത്ത നിരീശ്വരവാദ പ്രസ്ഥാനത്തിന്റെ പരാജയ കാരണം. അടിസ്ഥാനപരമായി വ്യക്തിക്ക് സ്വാതന്ത്രയ്മാണ് വേണ്ടത്. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനും പ്രചരിപ്പിക്കാനും പ്രതിഷേധിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യം. ആര്‍ ബാലകൃഷ്ണപിള്ള പറയുന്നത് ക്രിസ്തിയാനി ആയ സനല്‍ ഇടമറുക് എന്തിനു ശബരിമലയിലെ പതിനെട്ടാംപടി വീതി കൂട്ടാന്‍ നടക്കുന്നു എന്നാണു. അത്രയും ശക്തമാണ് ഇന്നാട്ടിലെ ജാതി മത ചിന്തകള്‍ എന്ന് അറിയുക. ഇടമറുകും മകനും ക്രിസ്ത്യാനി ആണെന്നും കലാധരന്‍ ഹിന്ദുവാണ് എന്നും ജബ്ബാര്‍ മാഷ്‌ മുസ്ലിം ആണെന്നും ഇന്നാട്ടുകാര്‍ ഇപ്പോഴും വിശ്വസിക്കുന്നു എങ്കില്‍ കേരളത്തിലെ നിരീശ്വരവാദ പ്രസ്ഥാനത്തിന് മൌലികമായ തകരാര്‍ ഉണ്ടെന്നു ഉറപ്പു.

ശബരിമല എന്റെ വീക്ഷണം ഇവിടെ കാണുക.