മതം ഉപേക്ഷിക്കൂ ! മനുഷ്യരാകൂ !

Sunday, June 5, 2011

സമരോത്സുക യുക്തിവാദം: ടി.കെ.യ്ക്കൊരു വിയോജനക്കുറിപ്പ്

യുക്തിവാദം എന്ത്? :
എന്ന ടി.കെ.യുടെ പോസ്റ്റിനുള്ള വിയോജനക്കുറിപ്പ്

ടി.കെ.യുടെ അഭിപ്രായങ്ങളോട് ശക്തമായ വിയോജിപ്പു പ്രകടിപ്പിക്കുന്നു. യുക്തിവാദി സംഘത്തിന്റെ പ്രഥമവും പ്രധാനവുമായ കർത്തവ്യം സമൂഹത്തിൽ യുക്തിചിന്ത അഥവാ ശാസ്ത്രബോധം വളർത്തുക എന്നതു തന്നെയാണ്. അതിനുള്ള പ്രവർത്തനം ഏങ്ങിനെയായിരിക്കണം എന്നുള്ളതിലാ‍ണ് ഡോ.ലാസറും ടി.കെ യും രാജഗോപാൽ വാകത്താനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് എന്ന് കരുതുന്നു. ടി.കെ പറയുന്നു “കേവലം 'ഈശ്വരനില്ല' എന്നു പറയുന്നതിനപ്പുറം സാമൂഹികനീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുംപോഴേ യുക്തിവാദം പൂര്‍ണമാവുകയുള്ളൂ എന്നാണു രാജഗോപാല്‍ പറയുന്നത്. ഒരു പൂര്‍ണ്ണ തത്വചിന്ത എന്നും മാനവികമായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ജീവിതത്തെപ്പറ്റിയുള്ള സമഗ്രസംഹിത എന്നുമൊക്കെയാണ് രാജഗോപാല്‍ യുക്തിവാദത്തിനു നിര്‍വചനം നലികിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായം യുക്തിവാദിസംഘം (ഏതുമാവട്ടെ) മറ്റൊരു വിപ്ലവ-രാഷ്ട്രീയ പ്രസ്ഥാനമാവണം എന്നാണെന്ന് തോന്നുന്നു. അങ്ങനെ ആയെങ്കിലെ സമഗ്രമായ മാറ്റമുണ്ടാവൂ എന്നദ്ദേഹം വിചാരിക്കുന്നു പക്ഷെ, യുക്തിവാദിസംഘത്തിനു ഒരിക്കലും ജനാധിപത്യ രാഷ്ട്രീയകക്ഷികള്‍ക്ക് പകരം വെക്കാവുന്ന ഒരു സംഘടനയാവാന്‍ കഴിയില്ല. ആവുകയുമരുത്.“
എന്തുകൊണ്ട് ആയിക്കൂടാ?
“കേരള യുക്തിവാദിസംഘത്തിന്റെ ഭരണഘടനയിലെ 'ഉദ്ദേശ്യങ്ങളും ലകഷ്യങ്ങളും' എന്ന ഖണ്ഡികയില്‍, 'എല്ലാതരം അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും, അനീതികള്‍ക്കും, അസമത്വങ്ങള്‍ക്കും, ചൂഷണങ്ങള്‍ക്കും എതിരായി മാനവക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുക' എന്നു പറയുന്നുണ്ടെങ്കിലും ഊന്നല്‍ നല്‍കേണ്ടത് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും തന്നെയാണ്. ഇതിന്റെ കാരണം വ്യകതമാണ്. ഇന്ന് നമ്മുടെ നാട്ടില്‍ ഒട്ടനവധി രാഷ്ട്രീയ പാര്‍ട്ടി കളുണ്ട്. അനീതിക്കെതിരെ പോരാടുന്ന നിരവധി സംഘടനകളുണ്ട്” അപ്പോൾ അതു തന്നെയാണു കാരണം.ഇവിടെ രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും ഉണ്ടെന്നും അന്ധവിശ്വാസങ്ങളുടെ കാര്യം മാത്രം നമ്മൾ /നിങ്ങൾ നോക്കിയാൽമതിയെന്നും മറ്റുകാര്യങ്ങൾ അവർനോക്കിക്കൊള്ളും എന്നുമാണ് ധ്വനി.ഇതു തന്നെയല്ലേ ഇ.എം.എസ് നെപ്പോലെയുള്ളവർ പറയുന്നതും; യുക്തിവാദത്തിലും മാനവികതാവാദത്തിലും എന്തൊക്കെ പുരോഗമനപരമായിട്ടുണ്ടോ അതൊക്കെത്തന്നെ മാർക്സിസത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇനി യുക്തിവാദത്തിനു പ്രസക്തിയില്ലെന്നും.
രാജഗോപാൽ പറയുന്നത് ശ്രദ്ധിക്കുക “ കൃസ്തുവും കൃഷ്ണനുമൊക്കെ ജീവിച്ചിരുന്നുവൊ എന്ന അന്വേഷണം യുക്തിയെ ഉണർത്തിവിടുന്നതാണ്.തെറ്റായ മതവിശ്വാസങ്ങളെ എതിർക്കാൻ ഈ ചർച്ച സഹായകരമായതിനാൽ അതിനു പ്രസക്തിയുണ്ടുതാനും. യുക്തിവാദത്തിന്റെ പ്രാഥമിക ഘട്ടത്തിൽ ദൈവം,പിശാച്, കുട്ടിച്ചാത്തൻ തുടങ്ങിയ അന്ധതകൾക്കെതിരായ ഈ കണ്ടെത്തലുകൾ ശരിയുമാണ്. കേവലയുക്തിവാദം പുരാണങ്ങളുടെ പൊള്ളത്തരത്തിലേക്കും ദൈവവിശ്വാസത്തിന്റെ അപ്രമാണികതയിലേക്കും വിരൽ ചൂണ്ടുന്നു. ഇത് മാത്രമാണ് യുക്തിവാദമെന്നു പറഞ്ഞാൽ അത് യുക്തിവാദത്തിലെ ബൂർഷാനിലപാടാണ്. ദൈവവിശ്വാസത്തിന്റേ തന്നെ ചരിത്രപ്രമായ ഘട്ടങ്ങളിലേക്കോ മതത്തിന്റെ രാഷ്ട്രീയാന്തർഗതങ്ങളിലേക്കോ എത്തിച്ചേരുന്നില്ല. അതുകൊണ്ട് 17-ആം നൂറ്റാണ്ടിലെ യുക്തിവാദത്തിൽത്തന്നെ അത് ഉറച്ചുനിൽക്കുന്നു. ഇതിനർത്ഥം ഈ യുക്തിവാദം തകരാറാണെന്നല്ല, മറിച്ച് കാലികമാക്കപ്പെടുന്നില്ല എന്നാണ്. അതിന്റെ സാമൂഹ്യപരിപ്രേക്ഷ്യങ്ങളിലേക്ക് കടന്നുചെന്ന് സാമൂഹ്യപരിവർത്തനാത്മകമാകുമ്പോഴാണ് യുക്തിവാദം സാർത്ഥകമാകുന്നത്.”
മേൽ‌പ്പറഞ്ഞതിലെ രാജഗോപാലിന്റെ കേവലയുക്തിവാദം, ബൂർഷായുക്തിവാദം എന്നീ പ്രയോഗങ്ങളോട് വിയോജിപ്പുണ്ടെങ്കിലും ആധുനിക യുക്തിവാദത്തിന്റെ സത്തയിലേക്കാണ് അദ്ദേഹം വിരൽ ചൂണ്ടുന്നത്.
കേവലയുക്തിവാദം, ബൂർഷായുക്തിവാദം എന്നീ പ്രയോഗങ്ങൾ കേരളത്തിലെ യുക്തിവാദിപ്രസ്ഥാനത്തിനു നേരേ ആദ്യം പ്രയോഗിച്ചത് ഇ.എം.എസ്. ആണ്. മന:പൂർവ്വം അധിക്ഷേപിക്കാനാണ് അദ്ദേഹം ഈ പ്രയോഗം നടത്തിയിട്ടുള്ളത് എന്ന് കാണാം. കേവലം എന്നതിന് ആത്മീയം അല്ലെങ്കിൽ പ്രകൃത്യാതീതം എന്ന അർത്ഥമാണ് നിഖണ്ഡുകാരന്മാർ നൽകിയിട്ടുള്ളത്. എങ്കിൽ കേവലവാദം ആത്മീയവാദമാണ്.കേവലവാദികളായ യുക്തിവാദികളെ ചരിത്രത്തിൽ നോക്കിയാൽ കാണാവുന്നതാണ്. ഉദാ:ഇമ്മാനുവൽ കാന്റ്.പക്ഷെ ഇന്നുള്ള യുക്തിവാദം ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ളതിനാൽ കേവലയുക്തിവാദികൾ എന്നു വിളിക്കൂന്നത് ശരിയല്ല.കേവലവാദം എന്ന വാക്ക് മാർക്സിസ്റ്റു ടെക്സ്റ്റുകളിലാണ് കാണപ്പെടാറുള്ളത്. മെറ്റാഫിസിക്കൽ എന്നതിന്റെ തർജ്ജമയായിട്ടാണ് കേവലവാദം എന്ന പ്രയോഗം അതിൽ കാണുന്നത്. നിശ്ചലത,മാറ്റമില്ലായ്മ, പരസ്പര ബന്ധനിഷേധം, ശശ്വതത്വം, വിപരീതങ്ങളുടെ പരസ്പരവർജനം എന്നിവയാണ് കേവലവാദത്തിന്റെ സവിശേഷതകളായി മാർക്സിസ്റ്റ് പണ്ഡിതന്മാർ വിവരിക്കുന്നത്. ഈ അർത്ഥത്തിൽ നോക്കിയാലും മാറ്റം എന്ന പ്രതിഭാസത്തെ അംഗീകരിക്കുന്നതുകൊണ്ട് യുക്തിവാദികളെ കേവലവാദികൾ എന്നു വിളിക്കാനാവില്ലല്ലോ.
ബൂർഷ്വാ എന്ന വാക്കിന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ നിർവചനം നൽകുന്നത് “ സാമൂഹ്യോല്പാദന ഉപാധികളുടെ ഉടമകളും കൂലിവേല എടുപ്പിക്കുന്നവരുമായ ആധുനിക മുതലാളികളുടെ വർഗ്ഗം” എന്നാണ്, ഈ നിർവചനം വച്ച് നോക്കിയാൽ യുക്തിവാദി സംഘവും യുക്തിവാദി കളും “ ബൂർഷ്വായുക്തിവാദി” ആകില്ല.
കേരള ജനതയെ അന്ധവിശ്വാസങ്ങളിൽ നിന്നു മോചിപ്പിക്കേണ്ടതും അവരെ യുക്തിബോധമുള്ളവരാക്കേണ്ടതും ഉണ്ട് എന്നുള്ളതിൽ രണ്ടു പക്ഷമില്ല.ജാതിയില്ല,മതമില്ല,ദൈവമില്ല എന്നുപറയുന്നതുകൊണ്ടൊ മുദ്രാവാക്യം വിളിക്കുന്നതുകൊണ്ടോ പ്രസംഗിക്കുന്നതുകൊണ്ടോ പുസ്തകം എഴുതുന്നതുകൊണ്ടോ മാത്രം കാര്യമില്ല(അത് വേണ്ടെന്നല്ല), ജാതി-മത-അന്ധവിശ്വാസങ്ങളെ നിലനിർത്തുന്ന സാമൂഹ്യരാഷ്ട്രീയസാമ്പത്തിക പരിപ്രേക്ഷ്യങ്ങൾ മനസ്സിലാക്കേണ്ടതും അതിനെതിരെ അനുയോജ്യമായ കർമ്മ സമരപരിപാടികൾ നടത്തേണ്ടതുമാണ്.എങ്കിലേ യുക്തിവാദം സമരോത്സുകമാകൂ.
“പൊന്നമ്പലമേട്ടില്‍ തെളിയുന്നത് മനുഷ്യന്‍ കത്തിക്കുന്ന ദീപമാണ് എന്നു പറയുന്നത് കേവല യുക്തിവാദം. അവിടെ പോയി അതിന്റെ രഹസ്യം കണ്ടെത്തി അതുപോലെ പന്തം കത്തിച്ചു കാണിക്കുന്നതും ഫോട്ടോ എടുക്കുന്നതും സമരോല്‍സുകയുക്തിവാദം” കേവലയുക്തിവാദത്തിനും സമരോത്സുകയുക്തിവാദത്തിനും ടി.കെ. നൽകുന്ന നിർവ്വചനം നല്ലൊരു ഫലിതത്തിന് വകനൽകുന്നുണ്ട്. കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ 90 വർഷത്തെയും കേരളയുക്തിവാദി സംഘത്തിന്റെ 44 വർഷത്തെയും പ്രവർത്തന ചരിത്രം പരിശോധിച്ചാൽ സാമൂഹ്യമാറ്റത്തിന് ഗണ്യമായ സംഭാവന നൽകാൻ യുക്തിവാദി പ്രസ്ഥാനത്തിനായിട്ടുണ്ട് എന്ന് കാണാം. സാമൂഹ്യരാഷ്ട്രീയ ചരിത്രകാരന്മാർ പലരും അത് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.സ്ഥല പരിമിതിമൂലം അതെല്ലാം വിവരിക്കാ‍ൻ മുതിരുന്നില്ല. പക്ഷെ, പല യുക്തിവാദികളും ആധുനിക യുക്തിവാദത്തിന്റെ യഥാർത്ഥ സത്ത ഉൾക്കൊള്ളുന്നവരാണോ എന്ന് ആത്മപരിശോധന നടത്തേണ്ടതാണ്. ല്ലെങ്കിൽ അവരിൽ ആ ബോധം ഉണ്ടാക്കുന്നതിൽ സംഘടനാപരമായ പാളിച്ച ഉണ്ടായിട്ടുണ്ട് എന്ന് മനസ്സിലാക്കാം.കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ചരിത്രവും സത്തയും ഉൾക്കൊണ്ടിരുന്നുവെങ്കിൽ ടി.കെ. ഇങ്ങനെ ഒരു പോസ്റ്റിടില്ലായിരുന്നു എന്നു ഞാൻ വിചാരിക്കുന്നു. അവസാനമായി കേരളയുക്തിവാദിസംഘം പ്രസിദ്ധീകരിച്ച യുക്തിദർശനം എന്ന ഗ്രന്ഥത്തിലെ ഏതാനും വരികൾ ഉദ്ധരിച്ചുകൊണ്ട് ഈ പോസ്റ്റ് അവസാനിപ്പിക്കാം.
“ ഇത്രയും സമ്പന്നവും വിപുലവുമായ ഒരു പാരമ്പര്യത്തിന്റെ അവകാശികളാണു യുക്തിവാദികൾ എന്ന ബോധം യുക്തിവാദികൾക്കുണ്ടായിരിക്കേണ്ടതാണ്.യുക്തിവാദിസംഘത്തെയും പ്രസ്ഥാനത്തെയും ഈ പാരമ്പര്യത്തിൽ നിന്നും പൊതുവായ പ്രവാഹത്തിൽ നിന്നും അടർത്തി എടുത്ത് മതത്തെയും ഈശ്വരനെയും എതിർക്കുക എന്ന കൃത്യത്തിനു മാത്രം അതിനെ തള്ളിവിടാമെന്നു കരുതുന്നവർ അറിഞ്ഞോ അറിയാതെയോ അതിന്റെ കടയ്ക്കൽ കത്തിവെക്കുകയാണ് ചെയ്യുന്നത്. അതേ അവസരത്തിൽ ഈ പാരമ്പര്യത്തിൽ നിന്നുളവാകുന്ന സാദ്ധ്യതകളെ പൂർണ്ണമായി ഉൾക്കൊള്ളുകയും മതനിരപേക്ഷമായ ഒരു രാഷ്ട്രം കെട്ടിപ്പെടുക്കുക എന്ന മർമ്മപ്രധാനമായ കടമ നിർവ്വഹിക്കുവാൻ യുക്തിവാദി സംഘത്തെ സജ്ജമാക്കുകയും ചെയ്യുന്നവരാകട്ടെ, പ്രസ്ഥാനത്തിന്റെ കടയ്ക്ക് വെള്ളവും വളവും നൽകുന്നവരായിരിക്കും.”

2 comments:

Rational books said...

“ ഇത്രയും സമ്പന്നവും വിപുലവുമായ ഒരു പാരമ്പര്യത്തിന്റെ അവകാശികളാണു യുക്തിവാദികൾ എന്ന ബോധം യുക്തിവാദികൾക്കുണ്ടായിരിക്കേണ്ടതാണ്.യുക്തിവാദിസംഘത്തെയും പ്രസ്ഥാനത്തെയും ഈ പാരമ്പര്യത്തിൽ നിന്നും പൊതുവായ പ്രവാഹത്തിൽ നിന്നും അടർത്തി എടുത്ത് മതത്തെയും ഈശ്വരനെയും എതിർക്കുക എന്ന കൃത്യത്തിനു മാത്രം അതിനെ തള്ളിവിടാമെന്നു കരുതുന്നവർ അറിഞ്ഞോ അറിയാതെയോ അതിന്റെ കടയ്ക്കൽ കത്തിവെക്കുകയാണ് ചെയ്യുന്നത്. അതേ അവസരത്തിൽ ഈ പാരമ്പര്യത്തിൽ നിന്നുളവാകുന്ന സാദ്ധ്യതകളെ പൂർണ്ണമായി ഉൾക്കൊള്ളുകയും മതനിരപേക്ഷമായ ഒരു രാഷ്ട്രം കെട്ടിപ്പെടുക്കുക എന്ന മർമ്മപ്രധാനമായ കടമ നിർവ്വഹിക്കുവാൻ യുക്തിവാദി സംഘത്തെ സജ്ജമാക്കുകയും ചെയ്യുന്നവരാകട്ടെ, പ്രസ്ഥാനത്തിന്റെ കടയ്ക്ക് വെള്ളവും വളവും നൽകുന്നവരായിരിക്കും.”

സുശീല്‍ കുമാര്‍ said...

യോജിക്കുന്നു.