മതം ഉപേക്ഷിക്കൂ ! മനുഷ്യരാകൂ !

Monday, March 16, 2009

കേന്ദ്ര - കേരള സര്‍ക്കാരുകളുടെ മത പ്രീണനം

ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരമായ നമ്മുടെ വിദ്യാഭ്യാസ മേഖലയെയും അട്ടിമറിച്ചുകൊണ്ട് മദ്രസ്സ വിദ്യാഭ്യാസം സീ ബീ എസ് സീ ക്ക് തുല്യമാക്കാനുള്ള കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ തീരുമാനം ഇന്ത്യന്‍ മതേതരത്വത്തിന് ഒരു വെല്ലു വിളിയാണ്. മതേതരവാദികളായ രാഷ്ട്രീയക്കാരോ സാംസ്കാരിക ബുദ്ധിജീവികളോ വിദ്യാഭ്യാസ വിചഷണരോ ഇതിനെതിരെ പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തത് വളരെ ഗൌരവമായി കാണേണ്ടതാണ്. മതത്തിനെതിരെ ശബ്ദിച്ചാല്‍ മതവോട്ടുകള്‍ നഷ്ടപ്പെടുമെന്നുള്ള ഭീതി രാഷ്ട്രീയ പാര്‍ട്ടികളെ ഈ വിഷയത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുകയാണ്. തീര്‍ത്തും മതപരമായ ഹജ്ജ് കര്‍മ്മത്തിന് സബ്സിഡി കൊടുത്ത് ന്യൂനപക്ഷ വോട്ട് ഉറപ്പാക്കിയ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വീണ്ടും ഇതേ തന്ത്രം ആവര്‍ത്തിക്കുകയാണ് ചെയ്തിട്ടുള്ളത്. കേരളത്തിലാകട്ടെ ഇടതുമുന്നണി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനേക്കാള്‍ വാശിയോടെ ന്യൂനപക്ഷ പ്രീണനം നടത്തി വോട്ട് നേടാനായി മദ്രസ്സ അദ്ധ്യാപകര്‍ക്ക് ക്ഷേമനിധിയും 4000 രൂപ പ്രതിമാസ പെന്‍ഷനും ഏര്‍പ്പെടുത്തിയിരിക്കുന്നു.കയര്‍-കര്‍ഷകത്തൊഴിലാളി പെന്‍ഷനുകള്‍ കേവലം 250 രൂപ മാത്രം ഉള്ളപ്പോഴാണ് മതാദ്ധ്യാപകര്‍ക്ക് വര്‍ഗ്ഗീയത വളര്‍ത്തുന്നതിനുള്ള കൂലിയായി പൊതുഖജനാവില്‍ നിന്നും ഈ ഭീമ സംഖ്യ കൊടുക്കുന്നത്. വോട്ട് ബാങ്ക് സംരക്ഷിക്കാനുള്ള സര്‍ക്കാരുകളുടെ വ്യഗ്രതയില്‍ ഇന്ത്യക്ക് ന്ഷ്ടപ്പെടുന്നത് മതേതരമായ അതിന്റെ പൊതുവിദ്യാഭ്യാസ മേഖലയാണ്. മദ്രസ്സയില്‍ പഠിപ്പിക്കുന്നത് മതമാണ്. മതപഠനം സര്‍ക്കാരിന്റെ ബാധ്യതയല്ല. ഇന്ന് മദ്രസ്സ പഠനത്തിന് അംഗീകാരം നല്‍കിയാല്‍ നാളെ വേദ-സണ്‍ഡേ സ്കൂള്‍ പഠനങ്ങള്‍ക്കും സമാനമായ അംഗീകാരം കൊടുക്കേണ്ടി വരും. ഇത് ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യ സംവിധാനത്തെയും ദുര്‍ബലപ്പെടുത്തും. മതേതരമായ പൊതുവിദ്യാഭ്യാസം അതിന്റെ എല്ലാ അര്‍ത്ഥത്തിലും തകര്‍ക്കപ്പെടും. സ്നേഹത്തിന്റെയും കരുണയുടെയും നാമധാരികള്‍ ബോംബിന്റെയും ആയുധങ്ങളുടെയും ഭാഷയില്‍ സംസാരിക്കുകയും, ആഗോളീകരണ സുവിശ്ശേഷക്കാര്‍ ദരിദ്ര-ദളിത് ജനതയ്ക്കിടയില്‍ മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയവുമായി അരങ്ങുതകര്‍ക്കുകയും, സംഘപരിവാര്‍ കഴുകന്‍മാര്‍ സാംസ്കാരിക പോലീസ് ആകുകയും ചെയ്യുന്ന ആനുകാലിക സാഹചര്യവുമായി കൂട്ടിച്ചേര്‍ത്തു വേണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പുതിയ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍. വിദ്യാര്‍ത്ഥിരാഷ്ട്രീയ മേഖലയില്‍പ്പോലും മതഭീകരത ആധിപത്യം നേടിക്കൊണ്ടിരിക്കുന്നു. മതം അതിന്റെ സകല ഭീകരതയോടും കൂടി ജനാധിപത്യ വ്യവസ്ഥയെ ഹിംസിക്കുമ്പോള്‍ അതിനെതിരെ ബഹുജന പ്രതിരോധം സൃഷ്ടിക്കുകയും, മതനിരപേക്ഷഷതയെ ശക്തിപ്പെടുത്തുകയുമാണ് വേണ്ടത്.