സ്വാമിവിവേകാനന്ദന്റെ ജാതിയും മതവും
സി.കെ.ശശി, കൊടുങ്ങല്ലൂർ
കാലഘട്ടത്തിന്റെ ആവശ്യകതകളെ അഭിസംബോധന ചെയ്യാൻ നിയുക്തരാകുന്ന മനുഷ്യസ്നേഹികളായ ചരിത്രസൃഷ്ടികളാണ് മഹാൻമാർ. ഒട്ടേറെ ശ്രേഷ്ഠതകൾ അവകാശപ്പെടാവുന്ന അത്തരമൊരു മഹത് വ്യക്തിയാണ് നൂറ്റിയമ്പതാം വാർഷികം ആഘോഷിക്കുന്ന സ്വാമി വിവേകാനന്ദൻ. എന്നിരുന്നാലും കത്തുന്ന തിരിയിലുമുണ്ട് വെളിച്ചമെന്നപോലെ കരിയും എന്ന സത്യം കാണാതെ പോകരുത്. സംഘപരിവാരം മുതൽ മാർക്സിസ്റ്റുകൾ വരെയുള്ളവർ പ്രചരിപ്പിക്കുംപോലുള്ള മതേതരവാദിയോ കാലഘട്ടം ആവശ്യപ്പെട്ട ജാതിവിരുദ്ധപോരാളിയോ ആയിരുന്നില്ല അദ്ദേഹം. വിശേഷിച്ച് അദ്ദേഹത്തേക്കാൾ ഒമ്പതു വർഷം മുൻപ് ജനിച്ച ശ്രീനാരായണഗുരുവിനെ അപേക്ഷിച്ച് . ഹിന്ദുത്വം പ്രത്യയശാസ്ത്രമായി പ്രഫുല്ലമാകാത്ത കാലത്ത് അതിന് ബീജാവാപം കൊടുത്ത മൃദുഹിന്ദുത്വവാദിയായിരുന്നു അദ്ദേഹം. ഒരു ഹിന്ദുമതപ്രചാരകൻ എന്ന നിലയിൽ മറ്റു മതവിശ്വാസികളുടെ തീഷ്ണവിമർശനങ്ങളെ നേരിടേണ്ടി വന്നപ്പോൾ സ്വമതത്തിലെ പൊരുത്തക്കേടുകളായി തോന്നിയ പലതിനേയും തള്ളിപ്പറയാനും തിരുത്താനും അദ്ദേഹം നിർബന്ധിതനായി. ഇതിനെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തെ പരിഷ്കർത്താവായും ഉല്പതിഷ്ണുവായും മാർക്സിസ്റ്റുകൾ മുതൽ മതേതരവാദികൾ വരെ പ്രകീർത്തിക്കുന്നത്. ഹിന്ദുത്വം ഒരു മഹദ് വർഗ്ഗത്തിൻറെ ജീവനാണ്. അത് ഹിന്ദുക്കളുടെ മത-സാംസ്കാരിക വർഗ്ഗസ്വത്വത്തെ കുറിക്കുന്നു. ഹിന്ദുത്വം ഒരു വാക്കല്ല. ഒരു ചരിത്രം മുഴുവനുമാണ്. സ്വതന്ത്രഭാരതം ഹിന്ദുത്വത്തിന്റെ അടിത്തറയിലാണ് കെട്ടിപ്പടുക്കുക എന്നെഴുതിയ സവർക്കർക്ക് പ്രചോദനം വിവേകാനന്ദന്റെ മൃദുഹിന്ദുത്വം ആണ്. ബുദ്ധനെക്കുറിച്ച് എഴുതിയതുകൊണ്ട് ബൗദ്ധനാകാത്തതുപോലെയും മാർക്സിനെക്കുറിച്ച് പ്രസംഗിച്ചതുകൊണ്ട് മാത്രം മാർക്സിസ്റ്റാകാനാവാത്തതുപോലെയും മറയ്ക്കാവുന്നതല്ല അദ്ദേഹത്തിന്റെ സ്വത്വവും. വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് ഒരേ സമയം അനുകൂലമായും പ്രതികൂലമായും വിലയിരുത്തിയ അദ്ദേഹം അടിസ്ഥാനപരമായി ജാതിവ്യവസ്ഥിതിയെ മാനിച്ചിരുന്ന ഒരു സവർണ്ണ ഹിന്ദുവായിരുന്നു. ഹിന്ദുമതത്തെ മറ്റുമതങ്ങളുടെ മാതാവായിട്ടാണ് അദ്ദേഹം കണ്ടത്. സാമൂഹിക ശൈഥില്യത്തിനും തദ്വാരാ ഭാരതത്തിൻറെ ദൗർബല്യത്തിനും അചിരേണ വിദേശ അടിമത്തത്തിനും കാരണമായ ജാതിപിശാചിനെ ഈശ്വരൻ മനുഷ്യനു നൽകിയ ഏറ്റവും മഹത്തായ സാമൂഹിക സ്ഥാപനങ്ങളിലൊന്നായിട്ടാണ് അദ്ദേഹം വാഴ്ത്തിയിട്ടുള്ളത്. മാത്രമല്ല, ഒരു പടികൂടിക്കടന്ന്, ഇന്ത്യ തകർന്നത് നിങ്ങൾ ജാതിയെ തഴയുകയും ഇല്ലാതാക്കുകയും ചെയ്തതുകൊണ്ടാണെന്ന് പറയാനും മടിച്ചില്ല, അദ്ദേഹത്തിന്റെ ഹിന്ദുത്വം. അതിന്റെ അനുരണനമാണ് ഗോൾവാർക്കറുടെ ഈ വാക്കുകൾ "ലോകമെങ്ങും എല്ലാം ശിഥിലമായിരുന്നപ്പോൾ ഹൈന്ദവസമുദായത്തെ സുരക്ഷിതമായി ചേർത്ത് നിലനിർത്തിയ മഹത്തായ സ്ഥാപനമാണ് ജാതിവ്യവസ്ഥ". അതിന്റെ ഇസ്ലാം വിരുദ്ധ സ്വഭാവഗുണം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു " ജാതിവ്യവസ്ഥ ശക്തമായിരുന്നതുകൊണ്ടാണ് ഇസ്ലാമിനെതിരായി ഹിന്ദുസമൂദായം പൊരുതി നിന്നത് എന്നാൽ പടിഞ്ഞാറൻ പഞ്ചാബിലും കിഴക്കൻ ബംഗാളിലും ജാതിവ്യവസ്ഥ ദുർബ്ബലമായതുകൊണ്ടാണ് ആ മേഖലകൾ പൂർണ്ണമായി ഇസ്ലാമിനു കീഴടങ്ങിയത്" (ഓർഗനൈസർ, മാർച്ച് 1969). ഇന്ത്യയിലെ സഹോദരിസഹോദരന്മാരിൽ ഭൂരിപക്ഷം വരുന്ന അവർണ്ണരെ മുഖ്യ ജീവിതധാരയ്ക്ക് പുറത്തു നിർത്തിയ ജാതിവ്യവസ്ഥയെ പെറ്റിട്ട ഹിന്ദുമതത്തെ സഹിഷ്ണുതയുടെ മതമായിട്ടാണ് അമേരിക്കയിലെ സഹോദരിസഹോദരന്മാക്കു സ്വാമികൾ പരിചയപ്പെടുത്തിയത് ! ഒരുവന് ഒരടികിട്ടിയാൽ ഇരട്ടി ക്രോധത്തോടെ പത്തെണ്ണമായി തിരിച്ചുകൊടുക്കണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹത്തിന്റെ വിമർശനത്തിന് ശരവ്യമായ മതമായിരുന്നു, ചെകിട്ടത്ത് ഒരടികിട്ടിയാൽ മറുചെകിടും കാണിച്ചുകൊടുക്കണമെന്ന് സഹനത്തിന്റെ ഭാഷയിൽ ഉപദേശിച്ച കൃസ്തുമതം. അതിനേക്കാൾ ഒട്ടും മയമുള്ളതായിരുന്നില്ല ഇസ്ലാമിനോടുള്ള അദ്ദേഹത്തിന്റെ നിലപാടും. മറ്റുമതങ്ങളിലെ ചില്ലറ ശ്രേഷ്ടതകൾ എടുത്തുകാട്ടാൻ പിശുക്കു കാണിച്ചിരുന്നില്ലെങ്കിലും അവയിലെ നന്മകളെ സ്വാംശീകരിക്കുന്നതിന് എതിരല്ലായിരുന്നെങ്കിലും ചാതുർവർണ്ണ്യത്തിലധിഷ്ഠിതമായ വരേണ്യവർഗ്ഗത്തിന്റെ ബ്രാഹ്മണമതമൊഴിച്ച് മറ്റൊന്നും പരിപക്വമായ മതമായി അദ്ദേഹത്തിന് കാണാൻ കഴിഞ്ഞിരുന്നില്ലെന്നതാണ് നേര്.
"ഈ രാഷ്ട്രത്തിന്റെ ജീവൻ മതമാണ്. ആശയം മതമാണ്. ഭാഷ മതമാണ്. നിങ്ങളുടെ രാഷ്ട്രീയം, സാമുദായികം, തദ്ദേശഭരണം, പ്ലേഗ് നിവാരണം, ക്ഷാമപരിഹാരം എല്ലാം ഇത്രയും കാലം ഇവിടെ നടന്നതുപോലെ നടപ്പാക്കാനേ പറ്റൂ. അതായത് മതത്തിൽക്കൂടെ മാത്രം. മറ്റു തരത്തിലുള്ള നിങ്ങളുടെ ബഹളം കൂട്ടലും വിലപിക്കലുമെല്ലാം സ്നേഹിതാ, വെറും വ്യർത്ഥമാണ് " ( ഉത്തിഷ്ഠ ഭാരത - ജയഭാരത് പബ്ലിക്കേഷൻസ്, കോഴിക്കോട് പുറം 40 ) . മതനിരപേക്ഷതയ്ക്ക് നിരക്കാത്ത ഈ വാക്കുകൾ ഉതിർത്തത് തൊഗാഡിയയോ , മോഡിയോ അല്ല, സാക്ഷാൽസ്വാമിവിവേകാനന്ദനാണ് ! അതുകൊണ്ടാണ് , മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നും നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ലെന്നും പറഞ്ഞ മതത്തിനു പകരം മനുഷ്യനെ മുഖ്യസ്ഥാനത്ത് പ്രതിഷ്ഠിച്ച ശ്രീനാരായണഗുരുവിൽ നിന്ന് വ്യതിരിക്തമായി ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും ഒഴുകുന്ന രക്തത്തിലും മതം വേണമെന്നും അതുവിട്ടൊന്നും ഇവിടെ നടപ്പില്ലെന്നും ശഠിച്ച വിവേകാനന്ദനെ സംഘപരിവാർ ആചാര്യസ്ഥാനത്ത് അവരോധിച്ച് ആരാധിക്കുന്നത്, ഗുരു അവർക്കൊരു സന്ന്യാസി വര്യൻ മാത്രമായത്. ജാതിശ്രേണിയാൽ ഹിന്ദുമതം അവർണ്ണർക്കു നൽകിയ ഭ്രഷ്ടിനാലും പീഡനങ്ങളാലും പാർശ്വവൽക്കരിക്കപ്പെട്ട അവർ ജീവരക്ഷാർത്ഥം മോചനത്തിനായി മറ്റു മതങ്ങളിൽ അഭയം പ്രാപിച്ചിരുന്നു. ഇതദ്ദേഹത്തിന് സഹിക്കുന്ന കാര്യമായിരുന്നില്ല. ഇക്കാര്യത്തിലുള്ള തന്റെ മതപരമായ അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് ക്ഷുഭിതനായി അദ്ദേഹം ചോദിക്കുന്നത് നോക്കൂ.
"ഇതേ വിചാരം നമ്മുടെ രാജ്യത്തിന്റേയും ധർമ്മത്തിന്റേയും യഥാർത്ഥ മാതാവായ സ്വന്തം ധർമ്മത്തോട് നിനക്കുണ്ടായിരുന്നുവെങ്കിൽ ഒരു ഹിന്ദു സഹോദരനെ ക്രിസ്തുമതത്തിലേക്ക് മാർഗ്ഗം കൂട്ടുന്നതുകണ്ട് സഹിക്കാൻ നിനക്കു കഴിയുമായിരുന്നില്ല. എന്നാൽ നിത്യേന അത് ഇവിടെ നടന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും നീ ഉദാസീനനാണ്. എവിടെ നിന്റെ വിശ്വാസനിഷ്ഠ? എവിടെ നിന്റെ സ്വദേശാഭിമാനം? ധാർമ്മിക രോഷം കൊണ്ട് സ്വധർമ്മത്തെ രക്ഷിക്കാൻ മുന്നോട്ടു വരുന്നവരുമായി എത്ര പേരുണ്ട് ?" (ഉത്തിഷ്ഠഭാരത പുറം 32, 37, 126). ഇതിനുത്തരമാണ് വിവേകാനാന്ദാഹ്വാനത്താൽ ആവേശഭരിതരായി മതമെന്നു കേട്ടാൽ ചോര തിളയ്ക്കുന്ന സംഘപരിവാറും ഗുജറാത്തിലെ മോഡിയുടെ പേപിടിച്ച നരനായാട്ടടക്കമുള്ള പരമത വൈരവൈറസ് ബാധിച്ച അവരുടെ ദുർചെയ്തികളും. മതം മാറ്റത്തെ പ്രിതികാര ബുദ്ധിയോടെ നോക്കിക്കണ്ട സ്വാമിജിയുടെ നിലപാടിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അതിനെ സഹിഷ്ണുതയോടെ വീക്ഷിച്ച ഗുരുവിന്റേത്. അവരവർക്കിഷ്ടമുള്ള മതം സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ട്. മതം ഏതുമാകട്ടെ, മതം മാറണമെന്നു തോന്നിയാൽ ഉടനേ മാറണം (ശ്രീനാരായണ വൈഖരി പുറം 267) മതം ഇരുമ്പുലക്കയാണെന്ന് വിശ്വസിച്ചിരുന്ന വിവേകാനന്ദൻ മതത്തെ നെഞ്ചിലേറ്റിയപ്പോൾ മതനിരപേക്ഷതയിൽ വിശ്വാസമർപ്പിച്ചിരുന്ന ഗുരു മനുഷ്യനേയാണ് നെഞ്ചോടു ചേർത്ത് ആശ്ലേഷിച്ചത്. അതുകൊണ്ടാണ് മതവാദികൾക്കെന്നപോലെ മനുവാദികൾക്കും വിവേകാനന്ദൻ പ്രിയങ്കരനായത്.
മലബാർ ഭ്രാന്താലയമാണെന്ന സ്വാമികളുടെ ആക്ഷേപത്തിനടിസ്ഥാനം ഇവിടുത്തെ ജാതിപീഡനങ്ങളോ അസ്പൃശ്യാതി അയിത്തമോ ഒന്നുമായിരുന്നില്ല. മറിച്ച് ജാതിപീഡനങ്ങളുടെ ദുരിതം പേറിയിരുന്ന ചെറുമരും ഈഴവരും മോചനാർത്ഥം കൂട്ടത്തോടെ ഇസ്ലാമിലേക്കും കൃസ്തുമതത്തിലേക്കും ചേക്കേറിയതിലുള്ള നൊമ്പരമാണ്. മതപരിവർത്തനത്തെ തികഞ്ഞ അസഹഷ്ണുതയോടെ വീക്ഷിച്ച അദ്ദേഹത്തെ സ്വമതസ്തരുടെ പാലായനം ചൊടിപ്പിച്ചിരുന്നു. തീയ്യരും മറ്റും ഹിന്ദുമതം അവരുടെ മതമെന്നു പറയുന്നത് അടിമ പഴക്കം കൊണ്ട് ചങ്ങല സ്വന്തമെന്ന് പറയുന്നതുപോലെയാണ്. ഹിന്ദുമതം ഇന്ത്യയിൽ നാമാവശേഷമാകുമ്പോൾ ഇന്ത്യ നന്നാകുമെന്നാണ് സഹോദരൻ അയ്യപ്പൻ ചാതുർവർണ്യത്തിന്റേയും ജാതികളുടേയും ദുഷ്ഫലങ്ങൾ വിലയിരുത്തി അഭിപ്രായപ്പെട്ടത്. എന്നാൽ അതിന് വിപരീതമായി ബഹുഭൂരിപക്ഷം വരുന്ന അവർണ്ണരെ വരിഞ്ഞുകെട്ടി മുറുക്കിയ അടിമച്ചങ്ങലയെ ന്യായീകരിക്കുകയാണ് സ്വാമിജി ചെയ്തത്.
"രാഷ്ട്രമെന്ന നിലയിൽ ആ സ്ഥാപനങ്ങൾ (ജാതികൾ) ആവശ്യമായിരുന്നു...... രാഷ്ട്രമെന്ന നിലയിൽ അവയിലധികം വ്യർത്ഥവും വിലയില്ലാത്തതുമാണെന്ന് ഞാൻ വിചാരിച്ചുകൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ പ്രായം ചെല്ലും തോറും അവയിലൊന്നിനെയെങ്കിലും ശപിക്കുവാൻ ധൈര്യം വരുന്നില്ല" ( ഉത്തിഷ്ഠഭാരത പുറം 53).
ജാതി സ്ഥാപിക്കാൻ ശങ്കരാചാര്യർ ബുദ്ധികൊണ്ട് പറന്നിട്ടുണ്ട്. അവിടെ ശങ്കരന് തെറ്റിപ്പോയെന്ന് ശ്രീനാരായണഗുരുവിന്റെ പ്രസ്താവം സ്വാമിജിക്കും യോജിക്കുമെന്ന് പറയേണ്ടിയിരിക്കുന്നു.
ഇന്ത്യയുടെ എക്കാലത്തേയും മഹാനായ പുത്രനാണ് ബുദ്ധൻ. ജാതിയേയും ബ്രാഹ്മണ്യത്തേയും എതിർത്ത ബുദ്ധൻ നമ്മെ നശിപ്പിച്ചു എന്നാണ് അദ്ദേഹം വിലപിക്കുന്നത്. സാധാരണക്കാരുടെ ഭാഷയായ പാലിയിൽ ബുദ്ധൻ ജനങ്ങളോട് സംവദിച്ചത് വരേണ്യഭാഷയായ സംസ്കൃതത്തിന്റെ നിർവ്യാപനത്തിനു കാരണമായെന്ന കാര്യമായ പരാതിയും സ്വാമിജിക്കുണ്ട്. ശങ്കരാചാര്യരും രാമാനുജനും കുമാരിലഭട്ടനും മറ്റുമാണ് ബുദ്ധൻ നശിപ്പിച്ച സനാതനധർമ്മത്തെ പുനഃസ്ഥാപിച്ചതെന്ന് അഭിമാനപുരസ്സരം പ്രകീർത്തിക്കുമ്പോൾ പ്രശംസിക്കപ്പെടുന്നത് ചാതുർവർണ്ണ്യത്തിന് ഉയിരുകൊടുത്ത ബ്രാഹ്മണമതമാണ്. ഈ സനാതനധർമ്മമാണ് ഭാരതത്തേയും അവർണ്ണരേയും നൂറ്റാണ്ടുകളോളം അന്ധകാരത്തിലാഴ്ത്തി പീഡിപ്പിച്ചത്. ഇത്തരം പ്രതിലോമ നിലപാടിനേയും അന്ധകാരത്തേയും മഹത്വവൽക്കരിക്കുകയാണ് അടിമത്തം നിരോധിച്ച അമേരിക്കയിലെയും പാശ്ചാത്യരാജ്യങ്ങളിലെയും സന്ദർശന വേളയിൽ അദ്ദേഹം ചെയ്തത്. ഇല്ലാത്ത മഹത്വം പറഞ്ഞ് സ്വമതത്തെ വാനോളം പ്രകീർത്തിച്ച് പ്രതിരോധിക്കുകയും വിമോചനാർത്ഥമുള്ള പീഡിതരുടെ അന്യമതത്തിലേക്കുള്ള പാലായനത്തെ തടയുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വധർമ്മനിർവ്വഹണവും മാധവസേവയും. അദ്ദേഹത്തിന്റെ രണോത്സുക പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ കെട്ടിപ്പടുത്ത രാഷ്ട്രീയ അധ്യസ്തമാണ് ആസുരമായ സംഘപരിവാർ.
ഒട്ടേറെ ശ്രേഷ്ഠതകളാൽ സർവ്വാദൃതമായ സ്വാമികളുടെ ഭുവന പ്രസിദ്ധിയിൽ ദോഷങ്ങൾ അദൃഷ്ടമാകും വിധം നിലീനമാണെങ്കിലും കത്തുന്ന തിരിയിൽ വെളിച്ചം മാത്രമല്ല കരിയുമുണ്ടെന്ന കാര്യം കാണാതെ പോകരുത്. അങ്ങനെയിരിക്കെ സംഘപരിവാറിനെ കടത്തിവെട്ടാൻ ഇടതുപക്ഷയുവജനസംഘടനകൾ മത്സരിച്ച് ഭഗത്സിങിനെയെന്നോണം സ്വാമിജിയെ ആലിംഗനം ചെയ്യുന്നത് കഥയറിയാതെ ആട്ടം കാണുന്നതുപോലൊരു വിരോധാഭാസമാണെന്ന് പറയാതെ വയ്യ.